തിരുവനന്തപുരം: പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ ഹൗസില്‍ ജെയ്സണ്‍ അലക്സ് ആണ് മരിച്ചത്.
ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഇന്‍സ്പെക്ടറായിരുന്നു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജെയ്സണ്‍, അമിത് ഷായുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഓഫീസിലേക്കു പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പത്തുമണിയോടെ വീട്ടില്‍ തിരിച്ചെത്തി.
ഈ സമയം മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന്റെ ഹാളില്‍ ജെയ്സനെ തൂങ്ങിയ നിലയില്‍ കണ്ടത്.
മേലുദ്യോഗസ്ഥരുടെ മാനസികപീഡനമാണ് ജെയ്സണ്‍ ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. ചില ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളില്‍ ക്രമക്കേടിനു കൂട്ടുനില്ക്കാന് ജെയ്സന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഭീഷണിയുണ്ടായിയെങ്കിലും ജെയ്സണ്‍ വഴങ്ങിയിരുന്നില്ല.
മേലധികാരികളാണ് മരണത്തിന് ഉത്തരവാദികളെന്നും ഇവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.